ഖുർആൻ ഗവേഷണങ്ങൾക്ക് പുതിയ മുഖം: ‘അൽ കിതാബ്’ പദ്ധതികൾ പ്രഖ്യാപിച്ചു

സാർവ്വകാലികമായ ഖുർആന്റെ നിലപാടുകൾ പുതിയ വെല്ലുവിളികൾക്ക് മുന്നിലും നിവർന്നു നിൽക്കുന്ന പരിഹാരമാണ് എന്ന സന്ദേശം ഉയർത്തിപിടിച്ച് സംഘടിപ്പിക്കുന്ന ‘അൽകിതാബ്’ പദ്ധതികൾക്ക് പ്രഖ്യാപനമായി. പുതിയ കാലം നേരിടുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയും സങ്കീർണമായ ജീവിത സാഹചര്യങ്ങളും തരണം ചെയ്യാൻ ഖുർആൻ ഉത്തരം നൽകുന്നുണ്ടെന്ന് വിളംബരം ചെയ്യുന്നതാണ് 15 മാസം നീണ്ടുനിൽക്കുന്ന ഖുർആൻ സെലിബ്രേഷൻ. പദ്ധതിയുടെ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിച്ചു.

ഖുർആൻ സെലബ്രേറ്റഡ് (ഖുർആൻ ആഘോഷിക്കപ്പെടുന്നു) എന്ന ശീർഷകത്തിലാണ് ‘അൽ കിതാബ് ‘ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുള്ളത്. അരീക്കോട് മജ്‍മഅ് പൂർവ്വ വിദ്യാർത്ഥി സംഘടന സൈക്രിഡിന്റെ നേതൃത്വത്തിൽ നടക്കുന്ന അൽകിതാബ്, ഗവേഷണ പ്രബന്ധങ്ങൾ, അവാർഡുകൾ, സെമിനാറുകൾ, കോൺഫ്രൻസുകൾ, പ്രസിദ്ധീകരണങ്ങൾ, അക്കാഡമിക് ചർച്ചകൾ, ഖുർആൻ മത്സരങ്ങൾ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരിക്കും. 2022 സെപ്റ്റംബർ മുതൽ 2023 നവംബർ വരെയുള്ള കാലയളവിലാണ് അൽ കിതാബ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്.

നവംബർ 22,23,24 തിയ്യതി കളിൽ നടക്കുന്ന ഖുർആൻ തിങ്ക് ടാങ്ക് സമ്മിറ്റ്, ഒക്ടോബർ 27, 28, നവംബർ 3,4 തിയ്യതികളിൽ നടക്കുന്ന ഖുർആൻ യങ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ, ഡിസംബർ 30,31 തിയ്യതികളിൽ നടക്കുന്ന ഇന്റർനാഷണൽ അക്കാഡമിക് കോൺഫറൻസ് എന്നിവക്ക് പുറമെ അടുത്ത വർഷം ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന ദേശീയ ഖുർആൻ അവാർഡ് സെറിമണി, ഇന്റർനാഷണൽ ക്യുസെർച്ച് മത്സരങ്ങൾ തുടങ്ങിയ വ്യത്യസ്ഥ പദ്ധതികളാണ് അൽ കിതാബിന്റെ കീഴിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. അറബി, മലയാളം, ഇംഗ്ലീഷ് , ഉർദു ഭാഷകളിലായാണ് പരിപാടികൾ നടക്കുക.

പദ്ധതികളുടെ ഭാഗമായി ലോകത്തെ ആദ്യ ഖുർആൻ യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനവും നടക്കും. പ്രഖ്യാപന ചടങ്ങിൽ മജ്മഅ് പ്രസിഡന്റ് ശാഫി സഖാഫി മുണ്ടമ്പ്ര അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ഖാദിർ അഹ്‌സനി ചാപ്പനങ്ങാടി സംബന്ധിച്ചു.

Leave a comment